Tag Archives: മലയാളം

മലയാളമടക്കം 15 ഇന്ത്യൻ ഭാഷകളിൽ എഴുതാൻ ഇൻഡിക് കീബോർഡ്

ഇൻഡിക് കീബോർഡ് ലോഗോ

ഇൻഡിക് കീബോർഡ് ലോഗോ

ആൻഡ്രോയ്ഡ് ഫോണുകളിൽ മലയാളമെഴുതാൻ വരമൊഴി, മൾട്ടിലിങ് കീബോഡ് എന്നിവ പരിചയപ്പെട്ടിരുന്നല്ലോ. ഇപ്പോഴിതാ ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന മൊബൈലുകളിലും ടാബ്ലെറ്റുകളിലും മലയാളമടക്കം 15 ഭാഷകളിൽ എഴുതാൻ സഹായിക്കുന്ന അപ്ലിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നു. ഇൻഡിക് കീബോർഡ് എന്നു പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷൻ  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങാണു പുറത്തിറക്കിയിരിക്കുന്നത്. ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, സിംഹള, തമിഴ്, തെലുഗു, ഉറുദു എന്നീ‌ഭാഷകളാണു ഇപ്പോൾ ഈ  അപ്ലിക്കേഷൻ പിന്തുണക്കുന്നത്. നിലവിൽ ആൻഡ്രോയ്ഡ് 4.1ജെല്ലി ബീന്‍ മുതലുള്ള പതിപ്പുകളില്‍ മാത്രമേ ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുകയുള്ളൂ. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ കീഴിലുള്ള ഐസീഫോസ്(ICFOSS) എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തകർ ഈ അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.

അപ്പാച്ചെ ലൈസൻസ് പ്രകാരം (ഒരു ഓപൺ സോഴ്സ് ലൈസൻസ്) പുറത്തിറക്കിയിരിക്കുന്ന ഈ അപ്ലിക്കേഷൻ ഗൂഗ്‌ൾ പ്ലേയിൽ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. താഴെ  കാണുന്ന ക്യു.ആർ. കോഡ് സ്കാൻ ചെയ്തും, ഗൂഗ്‌ൾ പ്ലേയിൽ Indic Keyboard എന്ന് സെർച്ച് ചെയ്തും ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.QR_Code

ഈ അപ്ലിക്കേഷന്റെ സോഴ്‌സ് കോഡ്  https://github.com/smc/Indic-Keyboard എന്ന കണ്ണിയിൽ ലഭ്യമാണ്. ഇവിടെപ്പോയി ആർക്കു വേണമെങ്കിലും പ്രശ്നങ്ങള്‍ ഡെവലപ്പേഴ്സിനെ അറിയിക്കുവാനും വേണമെങ്കില്‍ സോഴ്സ്കോഡ് ഡൗൺലോഡ് ചെയ്തെടുത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും, ബഗ്ഗുകൾ പരിഹരിക്കുന്നതിനും സാധിക്കും.

ക്രമീകരിക്കുന്ന  വിധം

മലയാളം ടൈപ്പ് ചെയ്യാൻ നിരവധി അപ്ലിക്കേഷനുകൾ ഇന്ന് ഗൂഗ്‌ൾ പ്ലേയിൽ ലഭ്യമാണല്ലോ. അവയിൽ നിന്നെല്ലാം ഈ അപ്ലിക്കേഷനെ പ്രധാനമായും വ്യത്യസ്തമാക്കുന്നത് അതിന്റെ  സെറ്റപ്പ് വിസാർഡ് ആണ്.  അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ മലയാളം എഴുതുന്നതു സജ്ജീകരിക്കുന്നതെങ്ങനെ എന്നു വിശദമാക്കുന്ന ഒരു ടൂളാണിത്. ഇത് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ആദ്യത്തെ തവണ മാത്രമേ ഈ വിസാർഡ് റൺ ചെയ്യേണ്ടതുള്ളൂ. സെറ്റപ്പ്  വിസാർഡിലെ വിവിധ ഘട്ടങ്ങൾ  ഏതൊക്കെയെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആദ്യത്തെ തവണ തുറന്നാൽ താഴെ കാണുന്ന  സ്വാഗത താളായിരിക്കും പ്രത്യക്ഷപ്പെടുക.

ചിത്രം1

ചിത്രം1

ഈ വിൻഡോയിലെ Get Started എന്ന കണ്ണി ഞെക്കിയാൽ താങ്കൾ Indic Keyboard അപ്ലിക്കേഷൻ സെറ്റപ്പ് ചെയ്യുന്നതിന്റെ ആദ്യഘട്ടത്തിലേക്കു പ്രവേശിക്കും. ചിത്രം 2 ശ്രദ്ധിക്കുക.

ചിത്രം 2

ചിത്രം 2

ഇവിടെ സെറ്റിംഗ്സിൽ Indic Keyboard ഒരു ഇൻപുട്ട് മെത്തേഡായി സെറ്റ് ചെയ്യുകയാണു ചെയ്യുന്നത്.  അതിനായി ഈ വിൻഡോയിലെ Enable in Settings എന്ന കണ്ണി ഞെക്കണം. അപ്പോൾ  താഴെ കാണുന്ന ഒരു വിൻഡോയിലേക്ക് താങ്കളെത്തും.

ചിത്രം 3

ചിത്രം 3

ഈ വിൻഡോയിൽ Indic Keyboard എന്ന ഓപ്ഷൻ ടിക് ചെയ്യണം. അപ്പോൾ ചിത്രം 4-ൽ കാണുന്നതു പോലെയുള്ള ഒരു വാണിംഗ് കിട്ടാൻ സാദ്ധ്യതയുണ്ട്. പാസ്‌വേർഡ് ഫീൾഡുകൾ ഈ ആപ്പുപയോഗിച്ച് ടൈപ്പ് ചെയ്യണമെങ്കിൽ ഈ പെർമിഷൻ ആവശ്യമാണു്.  ആ വാണിംഗ് അവഗണിച്ച് OK ക്ലിക്ക് ചെയ്യുക.

ചിത്രം 4

ചിത്രം 4

അപ്പോൾ താഴെക്കാണുന്ന ചിത്രത്തിൽ (ചിത്രം 5) കാണുന്ന വിൻഡോയിൽ എത്തും. ഇവിടെ നിന്ന് Switch Input methods എന്ന കണ്ണി ഞെക്കുമ്പോൾ തുറന്നു വരുന്ന പോപ്പ് അപ്പിൽ നിന്ന് English Indic Keyboard എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

ചിത്രം 5

ചിത്രം 5

അപ്പോൾ താങ്കൾ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിലെത്തും.  ഈ വിൻഡോയിൽ നിന്ന് Configure Additional Languages എന്ന കണ്ണി ഞെക്കി  ആവശ്യമായ ഭാഷകളും കീബോർഡ് ലേഔട്ടുകളും  തെരഞ്ഞെടുക്കുക ( ഈ ലിസ്റ്റിൽ മലയാളം ഏറ്റവും അവസാനമായാണു കാണുക) . എല്ലാ ഭാഷകളിലും ഫൊണറ്റിക്, ഇൻസ്ക്രിപ്റ്റ്, ലിപ്യന്തരണം എന്നീ ലേഔട്ടുകൾ ലഭ്യമാണു്. ചിത്രം 6 കാണുക.

ചിത്രം 6

ചിത്രം 6

 

(ഇവിടെ മലയാളം കാണാൻ കഴിയുന്നില്ലെങ്കിൽ/ചതുരക്കട്ടകളായി കാണുന്നെങ്കിൽ  മൊബൈലിൽ മലയാളം പിന്തുണയില്ലാത്തതിനാലാണു്. കൂടുതൽ വിവരങ്ങൾക്ക് ഈ ലേഖനം കാണൂ.)ഇത്രയും  ചെയ്തു Finished എന്ന കണ്ണി ഞെക്കിയാൽ  ഇൻഡിക് കീബോർഡ് താങ്കളുടെ മൊബൈലിൽ സജ്ജമായിക്കഴിഞ്ഞു.

എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം?

ഇനി ഈ ടൂൾ ഉപയോഗിച്ച് എങ്ങനെ വിവിധ ഭാഷകളിൽ ടൈപ്പ് ചെയ്യാം എന്നു പരിശോധിക്കാം. ഇവിടെ ഉദാഹരണമായെടുക്കുന്നത് മലയാളമാണെങ്കിലും  മറ്റെല്ലാ ഭാഷകൾക്കും സെറ്റിംഗ്സ് ഏതാണ്ട് സമാനം തന്നെയാണു്.എല്ലാ ഭാഷകൾക്കും ഫൊണറ്റിക്, ഇൻസ്ക്രിപ്റ്റ്, ലിപ്യന്തരണം എന്നീ ലേഔട്ടുകൾ ലഭ്യമണെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. ഇവ ഓരോന്നും എന്തെന്നു പരിശോധിച്ചതിനു ശേഷം ഇവ ഉപയോഗിച്ച് എങ്ങനെ ടൈപ്പ് ചെയ്യുമെന്ന് വിശദമാക്കാം.

ഇൻസ്ക്രിപ്റ്റ്:

ഇന്ത്യൻ ഭാഷകൾക്കുള്ള ടെപ്പ്‌റൈറ്റർ കട്ടകളുടെ വിതാനത്തെ ആധാരമാക്കി സി-ഡാക്ക്  രൂപപ്പെടുത്തി  ഇന്ത്യൻ സർക്കാർ അംഗീകരിച്ച കീബോർഡ് ഘടനയാണു് ഇൻസ്ക്രിപ്റ്റ് കീബോർഡ്.  വിൻഡോസ്, ഗ്നു/ലിനക്സ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ കീബോർഡ് ലേഔട്ട് ഇൻഡിക് കീബോർഡ് എന്ന അപ്ലിക്കേഷനിലൂടെ ആൻഡ്രോയ്ഡിലും ലഭ്യമായിരിക്കുന്നു.

ഫൊണറ്റിക്: (ലളിത)

XKB-ക്കായുള്ള ഒരു ഫൊണറ്റിക് കീബോർഡ് ലേഔട്ടാണു ലളിത. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തകർ നിർമ്മിച്ച ഈ ഫൊണറ്റിക് കീബോർഡിന്റെ ടച്ച് ഇന്‍പുട്ടിനുവേണ്ടി പരിഷ്കരിച്ച പതിപ്പാണു ഈ അപ്ലിക്കേഷനിൽ ലഭ്യമായിരിക്കുന്നത്.

ലിപ്യന്തരണം (transliteration)/മംഗ്ലീഷ്

മലയാളമെഴുതാൻ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന  രീതി ഏതെന്നു  ചോദിച്ചാൽ   നിസ്സംശയം പറയാം അതു ലിപ്യന്തരണം ആണെന്ന്. ഇംഗ്ലീഷ് ഉപയോഗിച്ച് മലയാളം എഴുതുന്ന വിദ്യയാണിത് (മംഗ്ലീഷ്)   ആൻഡ്രോയ്ഡിൽ മലയാളമെഴുതാൻ  ഉപയോഗിക്കുന്ന വരമൊഴി അപ്ലിക്കേഷനടക്കം നിരവധി അപ്ലിക്കേഷനുകൾ ലിപ്യന്തരണം  ഉപയോഗിക്കുന്നുണ്ട്.

എങ്ങനെ ടൈപ്പ് ചെയ്യാം?

മുകളിൽ നൽകിയ സെറ്റപ്പ് പൂർത്തിയാക്കിയാൽ ഏതു അപ്ലിക്കേഷനിലും ടെക്സ്റ്റ് ബോക്സിലും  ടൈപ്പ് ചെയ്യാൻ ശ്രമിക്കുമ്പോഴും നോട്ടിഫിക്കേഷൻ ബാറിൽ ഭാഷ/കീബോർഡ് തെരഞ്ഞെടുക്കാനുള്ള  ഒരു ഓപ്ഷൻ വരും. ചിത്രം 7 കാണുക. അതിൽ നിന്നും  സെറ്റപ്പിൽ മലയാളത്തിലെ എല്ലാ ഇൻപുട്ട് രീതികളും തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ഗൂഗ്‌ൾ ഡീഫാൾട്ട് കീബോർഡിനൊപ്പം അവയും പ്രത്യക്ഷപ്പെടും. അതിൽ നിന്നു  ആവശ്യമായ ഇൻപുട്ട് രീതി തെരഞ്ഞെടുക്കുക(ചിത്രം 7ക കാണുക) . സ്പേസ് ബാറില്‍ ലോങ്ങ് പ്രെസ്സ് ചെയ്താലും ഇത് സാധിക്കുന്നതാണ്.

ചിത്രം 7

ചിത്രം 7

ചിത്രം 7ക

ചിത്രം 7ക

 

ഉദാഹരണത്തിനു താങ്കൾ മലയാളം Indic Keyboard ആണു തെരഞ്ഞെടുത്തതെങ്കിൽ ചിത്രം 8-ൽ കാണുന്നതു പോലെ ഒരു കീബോർഡ് ആയിരിക്കും താങ്കൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുക. ഇത് ലളിത അടിസ്ഥാനമാക്കിയുള്ള ഒരു ഫൊണറ്റിക് കീബോർഡ് ആണു്.  ഈ കീബോര്‍ഡിന്റെ പ്രത്യേകത ഇതില്‍ ഒരു ബട്ടണില്‍ തന്നെ അതുമായി ബന്ധമുള്ല അക്ഷരങ്ങള്‍ ഉണ്ടെന്നതാണ്. ഉദാഹരണത്തിന് ജ ല്‍ ലോങ്ങ് പ്രെസ്സ് ചെയ്താല്‍ ജ്ജ കാണുവാന്‍ സാധിക്കും.

ചിത്രം 8

ചിത്രം 8

ഇതിനു പകരം മലയാളം – Inscript Indic Keyboard ആണു തെരഞ്ഞെടുത്തതെങ്കിൽ ചിത്രം 9-ൽ കാണുന്നതു പോലെയുള്ള ഒരു കീബോർഡായിരിക്കും സ്ക്രീനിൽ പ്രത്യക്ഷപ്പെടുക. ഇത് ഇൻസ്ക്രിപ്റ്റ് അടിസ്ഥാനമാക്കിയുള്ളൊരു കീബോർഡാണ്.

ചിത്രം 9

ചിത്രം 9

ഇതിനു പകരം മലയാളം – ലിപ്യന്തരണം Indic Keyboard ആണു തെരഞ്ഞെടുത്തതെങ്കിൽ ചിത്രം 10-ൽ കാണുന്നതു പോലെയുള്ള ഒരു കീബോർഡായിരിക്കും സ്ക്രീനിൽ പ്രത്യക്ഷപ്പെടുക. ഇത് ലിപ്യന്തരണം  അടിസ്ഥാനമാക്കിയുള്ളൊരു കീബോർഡാണ്.

ചിത്രം 10

ചിത്രം 10

ആദ്യത്തെ രണ്ടു ഓപ്ഷനുകളിൽ കീബോർഡിൽ മലയാളം അക്ഷരങ്ങളും അക്കങ്ങളുമാണു കണ്ടതെങ്കിൽ ഇവിടെ ഇംഗ്ലീഷ് കീബോർഡ് തന്നെയാണു കാണാനാകുക. എങ്കിലും ഇവിടെ naaraayam എന്നു ടൈപ്പ് ചെയ്താൽ നാരായം എന്നു പ്രത്യക്ഷപ്പെടും. ചിത്രം 11 കാണുക.

ചിത്രം 11

ചിത്രം 11

ചില പൊടിക്കൈകൾ

  1.  മലയാളം അക്കങ്ങള്‍ എല്ലാ മലയാളം ഇന്‍പുട്ട് രീതികളിലും മറച്ചുവെച്ചിട്ടുണ്ട്. ഇൻഡോ-അറബിക്ക് അക്കങ്ങളില്‍ ലോങ്ങ് പ്രെസ്സ് ചെയ്ത് അവ എഴുതാവുന്നതാണ്.
  2. എല്ലാ കീബോർഡിലും കാണുന്ന ഗ്ലോബ് ചിഹ്നം ഞെക്കിയാലും തൊട്ടടുത്ത് കീബോർഡ് ലേഔട്ടിലേക്കു മാറുവാൻ സാധിക്കും.
  3.  മലയാളം ലിപ്യന്തരണം കീബോർഡിൽ ₹ ചിഹ്നത്തിൽ ലോങ്ങ് പ്രസ്സ് ചെയ്താൽ ഡോളർ ($) ചിഹ്നം ടൈപ്പ് ചെയ്യാവുന്നതാണ്.

ബഗ്ഗുകൾ എവിടെ  റിപ്പോർട്ട് ചെയ്യാം?

ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് താങ്കൾ എന്തെങ്കിലും പ്രശ്നങ്ങൾ  കണ്ടെത്തുന്നുവെങ്കിൽ അതു ഡവലപ്പർമാരെ അറിയിക്കാം. അതിനായി https://github.com/smc/Indic-Keyboard/issues എന്ന കണ്ണിയിൽ ചെന്ന് ആദ്യം താങ്കൾ  റിപ്പോർട്ട് ചെയ്യാനുദ്ദേശിക്കുന്ന ബഗ് ഇതിനു മുൻപ് ആരെങ്കിലും അറിയിച്ചിട്ടുണ്ടോ എന്നു നോക്കുക. ഇല്ലെങ്കിൽ ആ താളിലെ New Issue എന്ന ബട്ടൺ ഞെക്കി തുറന്നു വരുന്ന താളിൽ ലോഗിൻ ചെയ്ത ശേഷം Title എന്നിടത്ത് പ്രശ്നത്തിന്റെ ഒരു ചെറു വിവരണവും Write എന്നിടത്ത് പ്രശ്നം വിശദമായി അവതരിപ്പിച്ച ശേഷം സേവ് ചെയ്യുക.  ഈ ലേഖനത്തിന്റെ കമന്റ് കോളത്തിലും താങ്കളുടെ ബഗ്ഗുകൾ അവതരിപ്പിക്കാവുന്നതാണ്.

ഈ ലേഖനത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും നിർദ്ദേശങ്ങളും കമന്റായി നൽകുമല്ലോ.

Share Button

ഓളം ഇനി ആൻഡ്രോയ്ഡിലും

ചിത്രം 1

ചിത്രം 1

കഴിഞ്ഞയാഴ്ച ഒരു ബസ്സ് യാത്രക്കിടയിൽ, ആൻഡ്രോയ്ഡ് മൊബൈലിൽ ഒരു ബ്ലോഗ് വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കണ്ട ഒരു വാചകമാണു താഴെ.He derided his student’s attempt to solve the biggest problem in mathematics. അതിലെ derided എന്ന വാക്കിന്റെ അർത്ഥം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. മറ്റൊരു വഴിയും ഇല്ലാത്തതിനാൽ ഒടുവിൽ വാചകത്തിന്റെ സന്ദർഭം പരിഗണിച്ച് അതിന്റെ അർത്ഥം പരിഹസിക്കുക എന്നോ നിന്ദിക്കുക എന്നോ ആയിരിക്കുമെന്ന് കരുതി വായന തുടർന്നു. കമ്പ്യൂട്ടറിലായിരുന്നെങ്കിൽ ഈ സന്ദർഭത്തിൽ നേരെ ഓളം സന്ദർശിച്ച് ഫലം കണ്ടെത്തുകയായിരുന്നു പതിവ്. പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ മൊബൈലിലാകുമ്പോൾ ഓളം  മൊബൈൽ ബ്രൗസറിൽ സന്ദർശിക്കേണ്ടിവരും. ഓളത്തിനു ഒരു ആൻഡ്രോയ്ഡ് പതിപ്പു കൂടി ഇറങ്ങിയിരുന്നെങ്കിൽ എന്നു പലപ്പോഴും ആശിച്ചിട്ടുണ്ട്.

ഓളത്തെക്കുറിച്ച് നിങ്ങൾ ഇതിനു മുൻപു തന്നെ കേട്ടിരിക്കുമല്ലോ. മലയാളത്തിൽ നിലവിലുള്ള ഓൺലൈൻ ഇംഗ്ലീഷ്- മലയാളം നിഘണ്ടുവാണു ഓളം. ലണ്ടനിലെ മിഡില്‍സക്‌സ് സര്‍വകലാശാലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പി.എച്ച്.ഡി. ചെയ്യുന്ന വേളയിൽ കോഴിക്കോട് സ്വദേശിയായ ബി.എൻ.കൈലാഷ് നാഥ് ആണു ഓളം നിർമ്മിച്ചത്. 2013 മേയ് മാസം ഓളം ഓപ്പൺസോഴ്‌സിലേക്ക് മാറിയത് വാർത്താ പ്രാധാന്യം നേടിയിരുന്നു. ഒപ്പം ആ സമയത്തു തന്നെ 83,000-ൽ അധികം പദങ്ങളുള്ള മലയാളം മലയാളം നിഘണ്ടു കൂടി ഓളത്തിലേക്ക് ചേർക്കപ്പെട്ടു. ‘ദത്തുക്’ കെ.ജെ.ജോസഫ് എന്ന വ്യക്തി 1990 കളില്‍ കമ്പ്യൂട്ടറിലാക്കിയ ഡേറ്റയാണ്, ഓളത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. ഈ ഡേറ്റ ദതുക് പദാവലി (The Datuk Corpus ) എന്ന പേരിലാണു അറിയപ്പെടുന്നത്.

ഓളത്തിന്റെ ആൻഡ്രോയ്ഡ് പതിപ്പ് നിർമ്മിച്ചത് കോഴിക്കോടുകാരനായ വിഷ്ണു.എസ്. ആണു്. 2013 സെപ്റ്റംബർ 5 മുതൽ ഗൂഗ്‌ൾ പ്ലേ സ്റ്റോറിൽ നിന്ന് ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാം. ഗൂഗ്‌ൾ പ്ലേയിലെ Olam Malayalam Dictionary എന്ന കണ്ണിയിൽ നിന്നാണു ഡൗൺലോഡ് ചെയ്യേണ്ടത്. ഇവിടെ കാണുന്ന QR Code ഉപയോഗിച്ചും ഗൂഗ്‌ൾ പ്ലേ സ്റ്റോറിലേക്ക് പോകാം. olam ആൻഡ്രോയ്ഡിന്റെ 2.3 പതിപ്പു മുതലുള്ള ഫോണുകളിൽ ഇത് പ്രവർത്തിക്കും.

അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് തുറന്നാൽ ചിത്രത്തിൽ(ചിത്രം 1) കാണുന്നതു പോലെയുള്ള ഒരു താൾ തുറന്നു വരും. അവിടെ ഓളം എന്നതിനു നേരെയുള്ള സെർച്ച് ബോക്സിൽ തിരയേണ്ട വാക്കു നൽകി തിരച്ചിൽ ചിത്രം ഞെക്കിയാൽ വാക്കിന്റെ വിവിധ അർത്ഥങ്ങൾ മലയാളത്തിൽ താഴെ കാണിക്കും .

ഓളം ആൻഡ്രോയ്ഡ്  അപ്ലിക്കേഷന്റെ ഏറ്റവും ആദ്യത്തെ പതിപ്പാണു ഇപ്പോൾ(2013 സെപ്റ്റംബർ 7)  ഗൂഗ്‌ൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാനാവുന്നത്. ഈ അപ്ലിക്കേഷൻ ഓഫ്‌ലൈനായിരിക്കുമ്പോഴും ഉപയോഗിക്കാം എന്നതാണു ആദ്യത്തെ  പതിപ്പിന്റെ ഒരു പ്രത്യേകത. എന്നാൽ ഏറ്റവും ആദ്യ പതിപ്പായതിനാൽ തന്നെ അതിന്റെ ചില ബാലാരിഷ്ടതകളും ഈ അപ്ലിക്കേഷനുണ്ട്. . ഒരു വാക്കിന്റെ ആദ്യ ചില അക്ഷരങ്ങൾ അടിക്കുമ്പോൾ തന്നെ  ആ  അക്ഷരങ്ങളിൽ തുടങ്ങുന്ന വാചകങ്ങളെല്ലാം കാണിക്കുന്ന auto complete,  മലയാളം മലയാളം നിഘണ്ടു എന്നിവ ഈ പതിപ്പിൽ ലഭ്യമല്ല. അവ വരും പതിപ്പുകളിൽ ഉൾപ്പെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Share Button

ആൻഡ്രോയ്ഡിൽ ലോക്കലെ മാറ്റാൻ | Change Locale in Android

morelocaleഒരു ഉപയോക്താവിന്റെ ഭാഷ, രാജ്യം, നാണയം, സമയമേഖല എന്നിവയെ രേഖപ്പെടുത്തി വയ്ക്കുന്ന ഒരു ഫയലാണു ലോക്കലെ. ഇത് ഉപയോക്താവ് വസിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി യൂസർ ഇന്റർഫേസിലെ ഘടകങ്ങൾക്ക് വ്യത്യാസം വരുത്താൻ സഹായിക്കുന്നു. അണ്ടർസ്കോറിനാൽ വേർതിരിക്കപ്പെട്ട രണ്ടു വാക്കുകളായാവും സാധാരണ സൂചിപ്പിക്കുന്നത്. അദ്യത്തെ രണ്ട് കൊച്ചക്ഷരങ്ങൾ ISO 639-1 പ്രകാരം ഭാഷയേയും അവസാനം ഉള്ള വലിയക്ഷരങ്ങൾ ISO 3166-1 മാനദണ്ഡപ്രകാരം രാജ്യത്തേയും സൂചിപ്പിക്കുന്നു. ഉദാഹരണത്തിനു മലയാളത്തിനെ ml_IN എന്നാവും സൂചിപ്പിക്കുന്നത്. ഫ്രാൻസിനെ fr_FR എന്നും യു.കെ. ഇംഗ്ലീഷിനെ en_GB എന്നും. (ആൻഡ്രോയ്ഡിലെ ലോക്കലെയെപ്പറ്റി കൂടുതലറിയാൻ ഈ താൾ കാണുക)  സാധാരണയായി വരുന്ന ആൻഡ്രോയ്ഡിലെ സ്വതേയുള്ള ലോക്കലെ അമേരിക്കൻ ഇംഗ്ലീഷ് ആയിരിക്കും (en_US.) സെറ്റിങ്ങ്സിലെത്തി ഇതു കുറച്ചധികം ഭാഷകളിലേക്കു മാറ്റാമെങ്കിലും മലയാളം അടക്കം മിക്ക ഇന്ത്യൻ ഭാഷകളിലേക്കും മാറ്റാനുള്ള ഉപാധി കാണുകയില്ല. (അടുത്തിടെ സാംസങ്ങ് ഒൻപത് ഇന്ത്യൻ ഭാഷകളിൽ ലോക്കലെ ചേർത്ത് പ്രാദേശികവത്കരണത്തോടു കൂടി ഫോൺ പുറത്തിറക്കിയിരുന്നു.) മലയാളത്തിലേക്ക് ലോക്കലെ മാറ്റുന്നതു മൂലം സമ്പർക്കമുഖം മലയാളത്തിൽ ലഭ്യമാക്കിയിരിക്കുന്ന ആപ്പുകളെ അപ്രകാരം തന്നെ കാണാവുന്നതാണു്.  (ഇതിനു മുൻപ് ആൻഡ്രോയ്ഡിൽ മലയാളം സജ്ജമാക്കിയിരിക്കണം. അതിനെപ്പറ്റി ഈ പോസ്റ്റിൽ  കാണാം) ഇതിനുള്ള വഴിയാണു ചുവടെ:

 

1) പ്ലേസ്റ്റോറിൽ നിന്നും MoreLocale 2 എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. (MoreLocale 2 അല്ലാതെ ഒട്ടനവധി ആപ്പുകൾ ഇതേ ആവശ്യത്തിനായി ലഭ്യമാണ്. ഈ ഗണത്തിൽ വരുന്ന ഏറ്റവും പ്രചാരമുള്ള ആപ്പ് എന്ന നിലയ്ക്കാണു MoreLocale 2 തിരഞ്ഞെടുത്തത്)

 

2) ഇൻസ്റ്റാൾ ചെയ്ത ശേഷം ആപ്ലിക്കേഷൻ തുറക്കുക. ഇതിൽ സിസ്റ്റത്തിന്റെ സ്വതേയുള്ള ലോക്കലെയാവും തിരഞ്ഞെടുക്കപ്പെട്ടിരിക്കുക  (en_US അല്ലെങ്കിൽ en_GB) ഇവയിൽ തിരഞ്ഞെടുക്കാൻ കുറച്ചധികം ലോക്കലെകൾ നൽകിയിരിക്കും. ഇവയിൽ മലയാളമില്ലാത്തതിനാൽ നമ്മൾ ചേർക്കേണ്ടി വരും

morelocale

 

 

3) ഓപഷൻസിൽ നിന്നും ‘Add Locale‘ തിരഞ്ഞെടുക്കുക

AddLocale

 

 

4) അപ്പോൾ വരുന്ന പെട്ടിയിൽ ലേബൽ ഫീൾഡിൽ ‘Malayalam’ എന്നും Language ഫീൾഡിൽ (ISO639) ‘Malayalam’ (ml), കൺട്രി  ഫീൾഡിൽ (ISO 3166) ‘India’ (IN), വേരീയന്റ് ഫീൾഡിൽ ‘POSIX‘ (നിർബന്ധമില്ല) ഇപ്രകാരം ചേർത്ത് ലോക്കലെ ആഡ് ചെയ്യുക.

SC20130817-113513

5) പുതുതായി ചേർത്ത മലയാളത്തിന്റെ കസ്റ്റം ലോക്കലെ മുകളിൽ തന്നെ കാണുന്നുണ്ടാകും. ഇതു തിരഞ്ഞെടുക്കുക. മുകളിൽ നിലവിലെ ലോക്കലെ പ്രദർശിപ്പിക്കുന്ന ഭാഗത്ത് ലോക്കലെ മലയാളമായി എന്നുറപ്പു വരുത്തി പുറത്തിറങ്ങാം

MalayalamLocale

6) ശേഷം മലയാളം പ്രാദേശികവത്കരണം നടത്തിയ ഏതെങ്കിലും ഒരു ആപ്ലിക്കേഷൻ തുറന്നു നോക്കൂ. ഉദാ: ഓപറ മിനി, വിക്കിമീഡിയ ആപ്, സാംസങ്ങ് ആപ്സ് ഇവയുടെ കുറച്ചു സ്ക്രീൻഷോട്സ് താഴെ. (ചിത്രങ്ങളിൽ ക്ലിക് ചെയ്താൽ വലുതായി കാണാം.)

കുറിപ്പ്: കമ്പ്യൂട്ടറിലും Region & Languages മാറ്റം വരുത്തുമ്പോൾ ഇതേ പ്രവർത്തനം തന്നെയാണു നടക്കുന്നത്. പല സ്വതന്ത്ര ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകൾ മലയാളത്തിലേക്ക് പ്രാദേശികവത്കരണം നടത്താനുള്ള അവസരം ഒരുക്കുന്നുണ്ടു്. അവയെ കണ്ടെത്തി ആ ഉദ്യമങ്ങളിൽ പങ്കാളികളാകൂ..

Share Button

ഉബുണ്ടു യൂണിറ്റിയില്‍ മലയാളം | Malayalam in Ubuntu Unity

ഉബുണ്ടു 10.04 വരെയുള്ളവയില്‍ (ഗ്നോം 2) ഐ-ബസ് (Intelligent Input Bus) ഉപയോഗിച്ച് മലയാളമെഴുതുന്നതെങ്ങനെയെന്ന് ഇവിടെക്കാണാം.എന്നാല്‍ ഇതിനു ശേഷമുള്ളവയില്‍ (യൂണിറ്റി)ഈ മാര്‍ഗ്ഗം നടപ്പില്ല.  ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തുടനെ തുറന്ന് നോക്കിയാല്‍ ഐ-ബസ്സില്‍ ഇംഗ്ലീഷും ചൈനീസും  മാത്രം നിവേശിപ്പിക്കാനുള്ള സംവിധാനമേ കാണുകയുള്ളൂ. മലയാളം എന്നൊരു ഓപ്ഷന്‍ കാണില്ല.

ചെറിയൊരു വഴിയിലൂടെ മലയാളം ഇക്കൂട്ടത്തില്‍ വരുത്താം. (ചിത്രത്തിൽ അമർത്തിയാൽ അത് വലുതായി കാണാൻ സാധിക്കും)

Share Button

ആൻഡ്രോയ്ഡിൽ മലയാളത്തിലെഴുതാൻ ഇനി വരമൊഴിയും

ആൻഡ്രോയ്ഡിൽ മലയാളം വായിക്കുന്നതിനെക്കുറിച്ചും, എഴുതുന്നതിനെക്കുറിച്ചും മുൻപത്തെ പോസ്റ്റുകളിൽ വായിച്ചുവല്ലോ! ഇവിടെ നമുക്ക്  കമ്പ്യൂട്ടറുകളിൽ മലയാളം എഴുതുന്നതിനു ഉപയോഗിക്കുന്ന ജനപ്രീതി നേടിയ അപ്ലിക്കേഷനായ വരമൊഴിയുടെ ആൻഡ്രോയ്ഡ് പതിപ്പിനെക്കുറിച്ച് നോക്കാം.

ലിപിമാറ്റരീതിപ്രകാരം കമ്പ്യൂട്ടറിൽ മലയാളമെഴുതാനുപയോഗിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഒരു സോഫ്റ്റ്‌വെയറാണ് വരമൊഴി. ഇംഗ്ലീഷ് കീബോർഡുപയോഗിച്ച് മലയാളമെഴുതാൻ വികസിപ്പിച്ച ആദ്യകാല ലിപിമാറ്റ സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാതാവ്  സി.ജെ. സിബു ആണ്. ഈ സോഫ്റ്റ്‌വെയറിന്റെ ആൻഡ്രോയ്ഡ് പതിപ്പ് തയ്യാറാക്കിയത് ജീസ്‌മോൻ ജേക്കബ് ആണു്.

qrcode

മൊഴി സ്കീം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വരമൊഴി ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഗൂഗ്‌ൾ പ്ലേയിൽ( ആൻഡ്രോയ്ഡ് മാർക്കറ്റ് എന്നു പഴയ പേരു്) നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാം. (ഇവിടെ കാണുന്ന ക്യു.ആർ. കോഡ് സ്കാൻ ചെയ്തെടുത്തും അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെടുക്കാം)

Share Button