മലയാളമടക്കം 15 ഇന്ത്യൻ ഭാഷകളിൽ എഴുതാൻ ഇൻഡിക് കീബോർഡ്

ഇൻഡിക് കീബോർഡ് ലോഗോ

ഇൻഡിക് കീബോർഡ് ലോഗോ

ആൻഡ്രോയ്ഡ് ഫോണുകളിൽ മലയാളമെഴുതാൻ വരമൊഴി, മൾട്ടിലിങ് കീബോഡ് എന്നിവ പരിചയപ്പെട്ടിരുന്നല്ലോ. ഇപ്പോഴിതാ ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന മൊബൈലുകളിലും ടാബ്ലെറ്റുകളിലും മലയാളമടക്കം 15 ഭാഷകളിൽ എഴുതാൻ സഹായിക്കുന്ന അപ്ലിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നു. ഇൻഡിക് കീബോർഡ് എന്നു പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷൻ  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങാണു പുറത്തിറക്കിയിരിക്കുന്നത്. ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, സിംഹള, തമിഴ്, തെലുഗു, ഉറുദു എന്നീ‌ഭാഷകളാണു ഇപ്പോൾ ഈ  അപ്ലിക്കേഷൻ പിന്തുണക്കുന്നത്. നിലവിൽ ആൻഡ്രോയ്ഡ് 4.1ജെല്ലി ബീന്‍ മുതലുള്ള പതിപ്പുകളില്‍ മാത്രമേ ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുകയുള്ളൂ. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ കീഴിലുള്ള ഐസീഫോസ്(ICFOSS) എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തകർ ഈ അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.

അപ്പാച്ചെ ലൈസൻസ് പ്രകാരം (ഒരു ഓപൺ സോഴ്സ് ലൈസൻസ്) പുറത്തിറക്കിയിരിക്കുന്ന ഈ അപ്ലിക്കേഷൻ ഗൂഗ്‌ൾ പ്ലേയിൽ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. താഴെ  കാണുന്ന ക്യു.ആർ. കോഡ് സ്കാൻ ചെയ്തും, ഗൂഗ്‌ൾ പ്ലേയിൽ Indic Keyboard എന്ന് സെർച്ച് ചെയ്തും ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.QR_Code

ഈ അപ്ലിക്കേഷന്റെ സോഴ്‌സ് കോഡ്  https://github.com/smc/Indic-Keyboard എന്ന കണ്ണിയിൽ ലഭ്യമാണ്. ഇവിടെപ്പോയി ആർക്കു വേണമെങ്കിലും പ്രശ്നങ്ങള്‍ ഡെവലപ്പേഴ്സിനെ അറിയിക്കുവാനും വേണമെങ്കില്‍ സോഴ്സ്കോഡ് ഡൗൺലോഡ് ചെയ്തെടുത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും, ബഗ്ഗുകൾ പരിഹരിക്കുന്നതിനും സാധിക്കും.

ക്രമീകരിക്കുന്ന  വിധം

മലയാളം ടൈപ്പ് ചെയ്യാൻ നിരവധി അപ്ലിക്കേഷനുകൾ ഇന്ന് ഗൂഗ്‌ൾ പ്ലേയിൽ ലഭ്യമാണല്ലോ. അവയിൽ നിന്നെല്ലാം ഈ അപ്ലിക്കേഷനെ പ്രധാനമായും വ്യത്യസ്തമാക്കുന്നത് അതിന്റെ  സെറ്റപ്പ് വിസാർഡ് ആണ്.  അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ മലയാളം എഴുതുന്നതു സജ്ജീകരിക്കുന്നതെങ്ങനെ എന്നു വിശദമാക്കുന്ന ഒരു ടൂളാണിത്. ഇത് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ആദ്യത്തെ തവണ മാത്രമേ ഈ വിസാർഡ് റൺ ചെയ്യേണ്ടതുള്ളൂ. സെറ്റപ്പ്  വിസാർഡിലെ വിവിധ ഘട്ടങ്ങൾ  ഏതൊക്കെയെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആദ്യത്തെ തവണ തുറന്നാൽ താഴെ കാണുന്ന  സ്വാഗത താളായിരിക്കും പ്രത്യക്ഷപ്പെടുക.

ചിത്രം1

ചിത്രം1

ഈ വിൻഡോയിലെ Get Started എന്ന കണ്ണി ഞെക്കിയാൽ താങ്കൾ Indic Keyboard അപ്ലിക്കേഷൻ സെറ്റപ്പ് ചെയ്യുന്നതിന്റെ ആദ്യഘട്ടത്തിലേക്കു പ്രവേശിക്കും. ചിത്രം 2 ശ്രദ്ധിക്കുക.

ചിത്രം 2

ചിത്രം 2

ഇവിടെ സെറ്റിംഗ്സിൽ Indic Keyboard ഒരു ഇൻപുട്ട് മെത്തേഡായി സെറ്റ് ചെയ്യുകയാണു ചെയ്യുന്നത്.  അതിനായി ഈ വിൻഡോയിലെ Enable in Settings എന്ന കണ്ണി ഞെക്കണം. അപ്പോൾ  താഴെ കാണുന്ന ഒരു വിൻഡോയിലേക്ക് താങ്കളെത്തും.

ചിത്രം 3

ചിത്രം 3

ഈ വിൻഡോയിൽ Indic Keyboard എന്ന ഓപ്ഷൻ ടിക് ചെയ്യണം. അപ്പോൾ ചിത്രം 4-ൽ കാണുന്നതു പോലെയുള്ള ഒരു വാണിംഗ് കിട്ടാൻ സാദ്ധ്യതയുണ്ട്. പാസ്‌വേർഡ് ഫീൾഡുകൾ ഈ ആപ്പുപയോഗിച്ച് ടൈപ്പ് ചെയ്യണമെങ്കിൽ ഈ പെർമിഷൻ ആവശ്യമാണു്.  ആ വാണിംഗ് അവഗണിച്ച് OK ക്ലിക്ക് ചെയ്യുക.

ചിത്രം 4

ചിത്രം 4

അപ്പോൾ താഴെക്കാണുന്ന ചിത്രത്തിൽ (ചിത്രം 5) കാണുന്ന വിൻഡോയിൽ എത്തും. ഇവിടെ നിന്ന് Switch Input methods എന്ന കണ്ണി ഞെക്കുമ്പോൾ തുറന്നു വരുന്ന പോപ്പ് അപ്പിൽ നിന്ന് English Indic Keyboard എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

ചിത്രം 5

ചിത്രം 5

അപ്പോൾ താങ്കൾ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിലെത്തും.  ഈ വിൻഡോയിൽ നിന്ന് Configure Additional Languages എന്ന കണ്ണി ഞെക്കി  ആവശ്യമായ ഭാഷകളും കീബോർഡ് ലേഔട്ടുകളും  തെരഞ്ഞെടുക്കുക ( ഈ ലിസ്റ്റിൽ മലയാളം ഏറ്റവും അവസാനമായാണു കാണുക) . എല്ലാ ഭാഷകളിലും ഫൊണറ്റിക്, ഇൻസ്ക്രിപ്റ്റ്, ലിപ്യന്തരണം എന്നീ ലേഔട്ടുകൾ ലഭ്യമാണു്. ചിത്രം 6 കാണുക.

ചിത്രം 6

ചിത്രം 6

 

(ഇവിടെ മലയാളം കാണാൻ കഴിയുന്നില്ലെങ്കിൽ/ചതുരക്കട്ടകളായി കാണുന്നെങ്കിൽ  മൊബൈലിൽ മലയാളം പിന്തുണയില്ലാത്തതിനാലാണു്. കൂടുതൽ വിവരങ്ങൾക്ക് ഈ ലേഖനം കാണൂ.)ഇത്രയും  ചെയ്തു Finished എന്ന കണ്ണി ഞെക്കിയാൽ  ഇൻഡിക് കീബോർഡ് താങ്കളുടെ മൊബൈലിൽ സജ്ജമായിക്കഴിഞ്ഞു.

എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം?

ഇനി ഈ ടൂൾ ഉപയോഗിച്ച് എങ്ങനെ വിവിധ ഭാഷകളിൽ ടൈപ്പ് ചെയ്യാം എന്നു പരിശോധിക്കാം. ഇവിടെ ഉദാഹരണമായെടുക്കുന്നത് മലയാളമാണെങ്കിലും  മറ്റെല്ലാ ഭാഷകൾക്കും സെറ്റിംഗ്സ് ഏതാണ്ട് സമാനം തന്നെയാണു്.എല്ലാ ഭാഷകൾക്കും ഫൊണറ്റിക്, ഇൻസ്ക്രിപ്റ്റ്, ലിപ്യന്തരണം എന്നീ ലേഔട്ടുകൾ ലഭ്യമണെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. ഇവ ഓരോന്നും എന്തെന്നു പരിശോധിച്ചതിനു ശേഷം ഇവ ഉപയോഗിച്ച് എങ്ങനെ ടൈപ്പ് ചെയ്യുമെന്ന് വിശദമാക്കാം.

ഇൻസ്ക്രിപ്റ്റ്:

ഇന്ത്യൻ ഭാഷകൾക്കുള്ള ടെപ്പ്‌റൈറ്റർ കട്ടകളുടെ വിതാനത്തെ ആധാരമാക്കി സി-ഡാക്ക്  രൂപപ്പെടുത്തി  ഇന്ത്യൻ സർക്കാർ അംഗീകരിച്ച കീബോർഡ് ഘടനയാണു് ഇൻസ്ക്രിപ്റ്റ് കീബോർഡ്.  വിൻഡോസ്, ഗ്നു/ലിനക്സ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ കീബോർഡ് ലേഔട്ട് ഇൻഡിക് കീബോർഡ് എന്ന അപ്ലിക്കേഷനിലൂടെ ആൻഡ്രോയ്ഡിലും ലഭ്യമായിരിക്കുന്നു.

ഫൊണറ്റിക്: (ലളിത)

XKB-ക്കായുള്ള ഒരു ഫൊണറ്റിക് കീബോർഡ് ലേഔട്ടാണു ലളിത. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തകർ നിർമ്മിച്ച ഈ ഫൊണറ്റിക് കീബോർഡിന്റെ ടച്ച് ഇന്‍പുട്ടിനുവേണ്ടി പരിഷ്കരിച്ച പതിപ്പാണു ഈ അപ്ലിക്കേഷനിൽ ലഭ്യമായിരിക്കുന്നത്.

ലിപ്യന്തരണം (transliteration)/മംഗ്ലീഷ്

മലയാളമെഴുതാൻ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന  രീതി ഏതെന്നു  ചോദിച്ചാൽ   നിസ്സംശയം പറയാം അതു ലിപ്യന്തരണം ആണെന്ന്. ഇംഗ്ലീഷ് ഉപയോഗിച്ച് മലയാളം എഴുതുന്ന വിദ്യയാണിത് (മംഗ്ലീഷ്)   ആൻഡ്രോയ്ഡിൽ മലയാളമെഴുതാൻ  ഉപയോഗിക്കുന്ന വരമൊഴി അപ്ലിക്കേഷനടക്കം നിരവധി അപ്ലിക്കേഷനുകൾ ലിപ്യന്തരണം  ഉപയോഗിക്കുന്നുണ്ട്.

എങ്ങനെ ടൈപ്പ് ചെയ്യാം?

മുകളിൽ നൽകിയ സെറ്റപ്പ് പൂർത്തിയാക്കിയാൽ ഏതു അപ്ലിക്കേഷനിലും ടെക്സ്റ്റ് ബോക്സിലും  ടൈപ്പ് ചെയ്യാൻ ശ്രമിക്കുമ്പോഴും നോട്ടിഫിക്കേഷൻ ബാറിൽ ഭാഷ/കീബോർഡ് തെരഞ്ഞെടുക്കാനുള്ള  ഒരു ഓപ്ഷൻ വരും. ചിത്രം 7 കാണുക. അതിൽ നിന്നും  സെറ്റപ്പിൽ മലയാളത്തിലെ എല്ലാ ഇൻപുട്ട് രീതികളും തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ഗൂഗ്‌ൾ ഡീഫാൾട്ട് കീബോർഡിനൊപ്പം അവയും പ്രത്യക്ഷപ്പെടും. അതിൽ നിന്നു  ആവശ്യമായ ഇൻപുട്ട് രീതി തെരഞ്ഞെടുക്കുക(ചിത്രം 7ക കാണുക) . സ്പേസ് ബാറില്‍ ലോങ്ങ് പ്രെസ്സ് ചെയ്താലും ഇത് സാധിക്കുന്നതാണ്.

ചിത്രം 7

ചിത്രം 7

ചിത്രം 7ക

ചിത്രം 7ക

 

ഉദാഹരണത്തിനു താങ്കൾ മലയാളം Indic Keyboard ആണു തെരഞ്ഞെടുത്തതെങ്കിൽ ചിത്രം 8-ൽ കാണുന്നതു പോലെ ഒരു കീബോർഡ് ആയിരിക്കും താങ്കൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുക. ഇത് ലളിത അടിസ്ഥാനമാക്കിയുള്ള ഒരു ഫൊണറ്റിക് കീബോർഡ് ആണു്.  ഈ കീബോര്‍ഡിന്റെ പ്രത്യേകത ഇതില്‍ ഒരു ബട്ടണില്‍ തന്നെ അതുമായി ബന്ധമുള്ല അക്ഷരങ്ങള്‍ ഉണ്ടെന്നതാണ്. ഉദാഹരണത്തിന് ജ ല്‍ ലോങ്ങ് പ്രെസ്സ് ചെയ്താല്‍ ജ്ജ കാണുവാന്‍ സാധിക്കും.

ചിത്രം 8

ചിത്രം 8

ഇതിനു പകരം മലയാളം – Inscript Indic Keyboard ആണു തെരഞ്ഞെടുത്തതെങ്കിൽ ചിത്രം 9-ൽ കാണുന്നതു പോലെയുള്ള ഒരു കീബോർഡായിരിക്കും സ്ക്രീനിൽ പ്രത്യക്ഷപ്പെടുക. ഇത് ഇൻസ്ക്രിപ്റ്റ് അടിസ്ഥാനമാക്കിയുള്ളൊരു കീബോർഡാണ്.

ചിത്രം 9

ചിത്രം 9

ഇതിനു പകരം മലയാളം – ലിപ്യന്തരണം Indic Keyboard ആണു തെരഞ്ഞെടുത്തതെങ്കിൽ ചിത്രം 10-ൽ കാണുന്നതു പോലെയുള്ള ഒരു കീബോർഡായിരിക്കും സ്ക്രീനിൽ പ്രത്യക്ഷപ്പെടുക. ഇത് ലിപ്യന്തരണം  അടിസ്ഥാനമാക്കിയുള്ളൊരു കീബോർഡാണ്.

ചിത്രം 10

ചിത്രം 10

ആദ്യത്തെ രണ്ടു ഓപ്ഷനുകളിൽ കീബോർഡിൽ മലയാളം അക്ഷരങ്ങളും അക്കങ്ങളുമാണു കണ്ടതെങ്കിൽ ഇവിടെ ഇംഗ്ലീഷ് കീബോർഡ് തന്നെയാണു കാണാനാകുക. എങ്കിലും ഇവിടെ naaraayam എന്നു ടൈപ്പ് ചെയ്താൽ നാരായം എന്നു പ്രത്യക്ഷപ്പെടും. ചിത്രം 11 കാണുക.

ചിത്രം 11

ചിത്രം 11

ചില പൊടിക്കൈകൾ

 1.  മലയാളം അക്കങ്ങള്‍ എല്ലാ മലയാളം ഇന്‍പുട്ട് രീതികളിലും മറച്ചുവെച്ചിട്ടുണ്ട്. ഇൻഡോ-അറബിക്ക് അക്കങ്ങളില്‍ ലോങ്ങ് പ്രെസ്സ് ചെയ്ത് അവ എഴുതാവുന്നതാണ്.
 2. എല്ലാ കീബോർഡിലും കാണുന്ന ഗ്ലോബ് ചിഹ്നം ഞെക്കിയാലും തൊട്ടടുത്ത് കീബോർഡ് ലേഔട്ടിലേക്കു മാറുവാൻ സാധിക്കും.
 3.  മലയാളം ലിപ്യന്തരണം കീബോർഡിൽ ₹ ചിഹ്നത്തിൽ ലോങ്ങ് പ്രസ്സ് ചെയ്താൽ ഡോളർ ($) ചിഹ്നം ടൈപ്പ് ചെയ്യാവുന്നതാണ്.

ബഗ്ഗുകൾ എവിടെ  റിപ്പോർട്ട് ചെയ്യാം?

ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് താങ്കൾ എന്തെങ്കിലും പ്രശ്നങ്ങൾ  കണ്ടെത്തുന്നുവെങ്കിൽ അതു ഡവലപ്പർമാരെ അറിയിക്കാം. അതിനായി https://github.com/smc/Indic-Keyboard/issues എന്ന കണ്ണിയിൽ ചെന്ന് ആദ്യം താങ്കൾ  റിപ്പോർട്ട് ചെയ്യാനുദ്ദേശിക്കുന്ന ബഗ് ഇതിനു മുൻപ് ആരെങ്കിലും അറിയിച്ചിട്ടുണ്ടോ എന്നു നോക്കുക. ഇല്ലെങ്കിൽ ആ താളിലെ New Issue എന്ന ബട്ടൺ ഞെക്കി തുറന്നു വരുന്ന താളിൽ ലോഗിൻ ചെയ്ത ശേഷം Title എന്നിടത്ത് പ്രശ്നത്തിന്റെ ഒരു ചെറു വിവരണവും Write എന്നിടത്ത് പ്രശ്നം വിശദമായി അവതരിപ്പിച്ച ശേഷം സേവ് ചെയ്യുക.  ഈ ലേഖനത്തിന്റെ കമന്റ് കോളത്തിലും താങ്കളുടെ ബഗ്ഗുകൾ അവതരിപ്പിക്കാവുന്നതാണ്.

ഈ ലേഖനത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും നിർദ്ദേശങ്ങളും കമന്റായി നൽകുമല്ലോ.

Share Button

admin

6 Comments

 1. വളരെ നല്ല ആപ്ലിക്കേഷന്‍… നന്ദി…

 2. Indic keyboard downloaded and installed butmalayalam font not appear in the language list.
  Mobile set:Huawei 750.

  • നിങ്ങളുടെ ഫോണിൽ മലയാളം സപ്പോർട്ട് ഇല്ലാത്തതിനാലാണത്. ഫോൺ റൂട്ട് ചെയ്ത് മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുകയോ മലയാളം സപ്പോർട്ടുള്ള ഫോണുകൾ ഉപയോഗിക്കുകയോ ചെയ്യൂ.

 3. ക്യാരക്ടർ കീ മാപ്പ്‌ എങ്ങനെ കാണാം പറ്റും?
  പോ,മോ, എന്നി മലയാളം അക്ഷരങ്ങൾക്കു വേണ്ടി ഏതു ഇഗ്ലിഷു അക്ഷരം ഉപയോഗുക്കണം.
  വരമൊഴിയാണു ഉപയോഗിക്കുന്നതു.

 4. പുതിയ വേർഷനെ കുറിച്ചു നല്ലൊരു വിവരണം വേണം.
  നിലവിൽ പഴയ വേർഷനെ കുറിച്ചുള്ള വിവരണമാണുള്ളതു.
  ഒരു ക്യരക്റ്റർ മാപ്പ് കുടി വേണം.

 5. sir
  njn Indic keyboard use cheidhirunna Aallannu.
  Malayalam Type cheiyan nilavilulla Apps-il Eatavum nalla app Indic Keyboard Aannu.
  but ipo njn windows phone Aannu use cheiyunnadhu. Ethra search cheithittum indic Keyboard pole Malayalam type cheiyan kazhiyunna app eniku kittiyilla.
  Windows phone-il(microsoft lumia 535) Malayalam type cheiyan patiya nalloru app (inscript or compact keyboard ulla) onnu paranu tharuvo sir….plz

Leave a Reply

Your email address will not be published. Required fields are marked *