ഓളം ഇനി ആൻഡ്രോയ്ഡിലും

ചിത്രം 1

ചിത്രം 1

കഴിഞ്ഞയാഴ്ച ഒരു ബസ്സ് യാത്രക്കിടയിൽ, ആൻഡ്രോയ്ഡ് മൊബൈലിൽ ഒരു ബ്ലോഗ് വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കണ്ട ഒരു വാചകമാണു താഴെ.He derided his student’s attempt to solve the biggest problem in mathematics. അതിലെ derided എന്ന വാക്കിന്റെ അർത്ഥം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. മറ്റൊരു വഴിയും ഇല്ലാത്തതിനാൽ ഒടുവിൽ വാചകത്തിന്റെ സന്ദർഭം പരിഗണിച്ച് അതിന്റെ അർത്ഥം പരിഹസിക്കുക എന്നോ നിന്ദിക്കുക എന്നോ ആയിരിക്കുമെന്ന് കരുതി വായന തുടർന്നു. കമ്പ്യൂട്ടറിലായിരുന്നെങ്കിൽ ഈ സന്ദർഭത്തിൽ നേരെ ഓളം സന്ദർശിച്ച് ഫലം കണ്ടെത്തുകയായിരുന്നു പതിവ്. പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ മൊബൈലിലാകുമ്പോൾ ഓളം  മൊബൈൽ ബ്രൗസറിൽ സന്ദർശിക്കേണ്ടിവരും. ഓളത്തിനു ഒരു ആൻഡ്രോയ്ഡ് പതിപ്പു കൂടി ഇറങ്ങിയിരുന്നെങ്കിൽ എന്നു പലപ്പോഴും ആശിച്ചിട്ടുണ്ട്.

ഓളത്തെക്കുറിച്ച് നിങ്ങൾ ഇതിനു മുൻപു തന്നെ കേട്ടിരിക്കുമല്ലോ. മലയാളത്തിൽ നിലവിലുള്ള ഓൺലൈൻ ഇംഗ്ലീഷ്- മലയാളം നിഘണ്ടുവാണു ഓളം. ലണ്ടനിലെ മിഡില്‍സക്‌സ് സര്‍വകലാശാലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പി.എച്ച്.ഡി. ചെയ്യുന്ന വേളയിൽ കോഴിക്കോട് സ്വദേശിയായ ബി.എൻ.കൈലാഷ് നാഥ് ആണു ഓളം നിർമ്മിച്ചത്. 2013 മേയ് മാസം ഓളം ഓപ്പൺസോഴ്‌സിലേക്ക് മാറിയത് വാർത്താ പ്രാധാന്യം നേടിയിരുന്നു. ഒപ്പം ആ സമയത്തു തന്നെ 83,000-ൽ അധികം പദങ്ങളുള്ള മലയാളം മലയാളം നിഘണ്ടു കൂടി ഓളത്തിലേക്ക് ചേർക്കപ്പെട്ടു. ‘ദത്തുക്’ കെ.ജെ.ജോസഫ് എന്ന വ്യക്തി 1990 കളില്‍ കമ്പ്യൂട്ടറിലാക്കിയ ഡേറ്റയാണ്, ഓളത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. ഈ ഡേറ്റ ദതുക് പദാവലി (The Datuk Corpus ) എന്ന പേരിലാണു അറിയപ്പെടുന്നത്.

ഓളത്തിന്റെ ആൻഡ്രോയ്ഡ് പതിപ്പ് നിർമ്മിച്ചത് കോഴിക്കോടുകാരനായ വിഷ്ണു.എസ്. ആണു്. 2013 സെപ്റ്റംബർ 5 മുതൽ ഗൂഗ്‌ൾ പ്ലേ സ്റ്റോറിൽ നിന്ന് ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാം. ഗൂഗ്‌ൾ പ്ലേയിലെ Olam Malayalam Dictionary എന്ന കണ്ണിയിൽ നിന്നാണു ഡൗൺലോഡ് ചെയ്യേണ്ടത്. ഇവിടെ കാണുന്ന QR Code ഉപയോഗിച്ചും ഗൂഗ്‌ൾ പ്ലേ സ്റ്റോറിലേക്ക് പോകാം. olam ആൻഡ്രോയ്ഡിന്റെ 2.3 പതിപ്പു മുതലുള്ള ഫോണുകളിൽ ഇത് പ്രവർത്തിക്കും.

അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് തുറന്നാൽ ചിത്രത്തിൽ(ചിത്രം 1) കാണുന്നതു പോലെയുള്ള ഒരു താൾ തുറന്നു വരും. അവിടെ ഓളം എന്നതിനു നേരെയുള്ള സെർച്ച് ബോക്സിൽ തിരയേണ്ട വാക്കു നൽകി തിരച്ചിൽ ചിത്രം ഞെക്കിയാൽ വാക്കിന്റെ വിവിധ അർത്ഥങ്ങൾ മലയാളത്തിൽ താഴെ കാണിക്കും .

ഓളം ആൻഡ്രോയ്ഡ്  അപ്ലിക്കേഷന്റെ ഏറ്റവും ആദ്യത്തെ പതിപ്പാണു ഇപ്പോൾ(2013 സെപ്റ്റംബർ 7)  ഗൂഗ്‌ൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാനാവുന്നത്. ഈ അപ്ലിക്കേഷൻ ഓഫ്‌ലൈനായിരിക്കുമ്പോഴും ഉപയോഗിക്കാം എന്നതാണു ആദ്യത്തെ  പതിപ്പിന്റെ ഒരു പ്രത്യേകത. എന്നാൽ ഏറ്റവും ആദ്യ പതിപ്പായതിനാൽ തന്നെ അതിന്റെ ചില ബാലാരിഷ്ടതകളും ഈ അപ്ലിക്കേഷനുണ്ട്. . ഒരു വാക്കിന്റെ ആദ്യ ചില അക്ഷരങ്ങൾ അടിക്കുമ്പോൾ തന്നെ  ആ  അക്ഷരങ്ങളിൽ തുടങ്ങുന്ന വാചകങ്ങളെല്ലാം കാണിക്കുന്ന auto complete,  മലയാളം മലയാളം നിഘണ്ടു എന്നിവ ഈ പതിപ്പിൽ ലഭ്യമല്ല. അവ വരും പതിപ്പുകളിൽ ഉൾപ്പെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Share Button

Anoop

Leave a Reply

Your email address will not be published. Required fields are marked *